ബാല്യം....അതിനെ നിർവ്വചിക്കാൻ മാത്രം മലയാളപരിജ്ഞാനം എന്റെ സാഹിത്യഭണ്ഡാര നിഘണ്ടുവിൽ ഇല്ല. കാലം തട്ടിപ്പറിച്ച് കൊണ്ടുപോയ ആ നല്ല ദിനങ്ങളിൽ നിന്നും ഞാൻ കൊത്തിപ്പറിച്ചെടുത്ത ഓർമ്മകളുടെ ഒരേട് ഇവിടെ സമർപ്പിക്കുന്നു... ..ബാല്യത്തിന്റെ നിർവ്വചനത്തിനു പകരമായി!!
കുട്ടിക്കാലത്തിന്റെ അരപങ്കും ഞാൻ ചിലവഴിച്ചത് ഉമ്മവീട്ടിലായിരുന്നു. “ടാ..ടാ...ബേഗം നീച്ച്.. അനക്ക് മദ്രസേക്ക് പോണ്ടേ..നീച്ച്..നീച്ച്“!. വല്ല്യുമ്മയുടെ ഈ സ്ഥിരം പല്ലവിയോടെയാണു എന്റെ ഒരു ദിനം ആരംഭിക്കാറ് . അവിടുന്നങ്ങോട്ട് ആരൊക്കെയോ കെട്ടിപ്പടുത്ത അലിഘിതനിയമസംഹിതകൾ ചുറ്റുമതിൽ തീർത്ത ഒരു ദിനം കടന്ന് പോകുന്നു. മദ്രസയും സ്കൂളും കഴിഞ്ഞാൽ പിന്നെ ഏതോ ഓട്ട് കമ്പനിയിലെ സൈറൺ കേൾക്കുന്നത് വരെ വീട്ടുമുറ്റത്ത് തനിയെ നിൽക്കും! വിശ്രമ സ്ഥലത്തിന് തർക്കം കൂടുന്ന കാക്കകളുടെ കണക്കെടുത്ത്. ബാക്കി കലാപരിപാടികൾ തീരുന്നതിനു മുൻപേ ഒരോത്ത് കൂടി കേൾക്കാം.. “ നേരം പത്തരയായി..അനക്ക് ഒർങ്ങണ്ടേ..ടാ..” ! തീർന്നു...എന്റെ സംഭവബഹുലമായ ഒരു ബാല്യദിനം.!
മാസത്തിൽ രണ്ട് ദിനങ്ങൾ എനിക്ക് വലിയപെരുന്നാളായിരിക്കും. അന്നാണ് എന്റെ ഉപ്പാന്റെ നാട്ടിലേക്ക് ഉമ്മ വന്ന് എന്നെ കൂട്ടികൊണ്ട് പോവുക. ....നെല്പാടങ്ങളും, തെങ്ങിൻ തോപ്പുകളും, പുല്ലാനിക്കാടും, തോടും, കശുമാവിൻ തോട്ടങ്ങളും, ആടുകളും, പോത്ത്കളും,കുയിലുകളും, മരംകൊത്തികളും, അങ്ങനെ എല്ലാം കൊണ്ടും സമ്പുഷ്ടമായ..എന്റെ ഗ്രാമം. അവിടെ ആയാലോ... തോട്ടിൽ കുളിക്കാൻ പോകാം, ചൂണ്ടയിടാം, പുളിങ്ങമരത്തിന്റെ ഉച്ചിയിൽ കയറി അങ്ങാടി കാണാം, കള്ളനും പോലീസും കളിക്കാം, ഗോട്ടി കളിക്കാം, കുട്ടിയും കോലും കളിക്കാം, അങ്ങനെ സർവ്വവിധ സ്വാതന്ത്ര്യവും അനുഭവിക്കാം. മാസത്തിലെ ആ രണ്ട് ദിനങ്ങക്ക് വേണ്ടി പെരുമഴക്ക് കാത്തിരിക്കുന്ന വേഴാമ്പലിന്റെ ആർത്തിയോടെയാണു ഞാൻ ഇരിക്കാറ്. ഒടുവിൽ ആ രണ്ട് ദിനങ്ങൾ കൊഴിഞ്ഞ് പോയാൽ വേനലിൽ മഴ ചാറിയപ്പോൾ കിട്ടിയ ഒരു തുള്ളികൊണ്ട് ആത്മനിർവ്രതി അടയുന്ന വേഴാമ്പലിന്റെ പ്രതീകമാവും ഞാൻ ...!
വല്ല്യുമ്മയുടെ സ്നേഹശിക്ഷണത്തിൽ ബാല്യത്തിന്റെ പടവുകൾ കുത്തിപ്പിടിച്ച് കയറുന്നതിന് അനുപാതികമായി എന്നിലെ സ്വാതന്ത്ര്യമോഹവും ഒരു പിടി മുന്നാലെ തന്നെ കയറികൊണ്ടിരിന്നു. പഠനനിലവാരം താഴോട്ടെന്ന് പറയേണ്ടതില്ലല്ലോ. ഉറക്കത്തിൽ അറിഞ്ഞുകൊണ്ട് ഞെട്ടിയുണരൽ, ‘ഇച്ചുമ്മാനെ കാണണം’ എന്ന് ഉറക്കെ നിലവിളിക്കൽ എന്നിവ ഞാൻ ഒരു ശീലമാക്കി. ആയിടെക്ക് ഒരു നാൾ എന്റെ ‘ഗൾഫൂപ്പ’ വന്നെത്തി. കാര്യങ്ങളുടെ മലക്കം മറിച്ചിൽ പിന്നെ പെട്ടൊന്നായിരുന്നു. മകന്റെ പഠനശേഷിയെക്കുറിച്ച് വല്ല്യുമ്മക്ക് നല്ലതേ പറയാനുണ്ടായിരുന്നു. “ഓൻ നല്ലോണം പഠിച്ചും.. ജ്ജ് ബേജാറാകണ്ട..” . ഉപ്പാക്ക് തൃപതി വന്നില്ല. വിട്ടു നേരെ സുകൂളിലേക്ക്. പിന്നെ നടന്നതിനെക്കുറിച്ച് വല്ല്യ അറിവില്ല. ഏതായാലും ഉപ്പയുടെ സ്കൂൾ സന്ദർശനത്തിന്റെ ബാക്കിയെന്നോണം അന്ന് വൈകീട്ട് ഉപ്പ എന്നെയും കൂട്ടി മഞ്ചേരി അങ്ങാടിയിൽ പോയി. ബക്കറ്റ്, പാട്ട, കോതടി, പുതപ്പ് എന്നീ അല്ലറ ചില്ലറ സാധനങ്ങൾ ഉപ്പ വാങ്ങിക്കുമ്പോൾ എന്നിൽ സംശയങ്ങൾ തലപൊക്കി തുടങ്ങി. “ എന്തിനാ ഉപ്പാ ഇതൊക്കെ?” ....ഒന്ന് മടിച്ച് ഉപ്പ പറഞ്ഞു.. “ അന്നെ ഇഞ്ഞി ഇബടെ ഹോസ്റ്റലിൽ നിർത്താൻ പോകാണ്... ന്നാലേ ജ്ജ് ശരിക്ക് പഠിച്ചുള്ളൂന്നാ ഓര് പറേണത്..” ഉപ്പ നാട്ടിൽ വരുമ്പോൾ സ്വപ്നസാക്ഷാത്കാരത്തിന് ശരിക്കും ഒന്ന് മോങ്ങണമെന്ന് കരുതിയിരുന്ന ഞാൻ... മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങാക്കുല വീണതും പോര.. ഇടിമിന്നലുമേറ്റ പോലെ ശരിക്കുമങ്ങ് മോങ്ങിപ്പോയി.... അങ്ങനെ കൂട്ടക്കരച്ചിലുകൾ ഒക്കെ വൃഥാവിലാക്കി കൊണ്ട് ഞാൻ നായന്മാരുടെ താത്ക്കാലിക ദത്തുപുത്രനായി..എന്റെ ഒരു ഭാഗ്യേ...!
അവസാന പിടിവള്ളിയും അറ്റ ഞാൻ ഹോസ്റ്റലിൽ ഒരു വിധത്തിൽ ദിനങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു. കർശനചിട്ടകളും അതിലുപരി ഭക്ഷണരീതികളും അവിടെയും ജീവിതം ഒരു വഹ തന്നെ. ആത്മഹത്യയെ പറ്റി അന്ന് അറിവില്ലാത്തത് കൊണ്ട് അതിനെ പറ്റി ചിന്തിച്ചില്ല. നാട്ടിലെ കളിക്കൂട്ടുകാരെ ഓർത്ത് ഞാൻ വിതുമ്പി. വീട്ടുകാരെ ഓർക്കുമ്പോൾ ഞാൻ ഈർഷ്യ കൊണ്ടു..എന്നെ വേണ്ടാത്തോരെ എനിക്കും വേണ്ട... അങ്ങനെ എവിടെക്കൊയോ പറഞ്ഞ് കേട്ട ‘നാടുവിടൽ’ എന്ന അതിഭയങ്കര സംഗതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഒടുവിൽ ശക്തമായ ആ തീരുമാനം കൈകൊള്ളാൻ തന്നെ തീരുമാനിച്ചു. മഞ്ചേരീന്ന് മലപ്പുറത്തേക്ക് രാജ്യം വിടുക!! നാലാം ക്ലാസ്സുകാരന്റെ വലിയ ബുദ്ധിയിൽ ഇതിനപ്പുറം ഒരു പ്രശ്ന പരിഹാരമില്ലായിരുന്നു.
സ്കൂളിലെ എന്റെ അത്മസന്തതസഹചാരിയായിരുന്ന സംജാദ് എന്ന സുഹൃത്തുമൊത്ത് ഞാൻ മലപ്പുറത്തേക്ക് ‘രാജ്യം വിടൽ’ പദ്ധതി ആസൂത്രണം ചെയ്തു. സൂത്രധാരൻ സംജാദ് ആയത് കൊണ്ട് എനിക്ക് ഒട്ടും ഭയം ഉണ്ടായിരുന്നില്ല. കാരണം അവനെന്റെ ഹീറോ കം ഗൈഡ് ആയിരുന്നു. ഞങ്ങളുടെ ക്ലാസ്സിൽ എന്റെ നേരെ പിൻബെഞ്ചിലിരിക്കുന്ന ദിവ്യ എന്ന സുന്ദരിക്കുട്ടിയോട് എനിക്ക് തോന്നിയിരുന്ന എന്തോ ഒരു ‘ഇത്’ അവനാണ് ഒരു കത്തിലൂടെ അവളെ അറിയിച്ചത്. പക്ഷേ പ്രശനമായാൽ ഞാൻ രക്ഷപ്പെട്ടോട്ടെ എന്ന് കരുതിയോ അതോ മറ്റെന്തോ അവന്റെ പേർ തന്നെയാണു കത്തിൽ എഴുതിക്കൊടുത്തത്. അതോടെ അവനോടുള്ള അദരവു എനിക്ക് കൂടി എന്ന് പറയേണ്ടതില്ലല്ലോ...
അങ്ങനെ എന്റെ ചൈൽഡ്ഹുഡ് ഹീറോയുടേ നിർദേശാനുസരണം ഒരു വെള്ളിയാഴ്ച്ച പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഉച്ചവിശ്രമവേളയിൽ സ്കൂളിനു പുറത്ത് കടന്ന് ബസ്റ്റാന്റിലേക്ക് വിട്ട് അവിടുന്ന് മലപ്പുറത്തേക്കുള്ള ഏതെങ്കിലും സൂപ്പർഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ കയറുക. ബാക്കി കാര്യങ്ങൾ മലപ്പുറത്തെത്തിയിട്ട് തീരുമാനിക്കാം എന്നതായിരുന്നു പദ്ധതിയുടെ രത്നച്ചുരുക്കം. കാത്തിരുന്ന ആ ദിവസം വന്നെത്തി. ഉച്ച ഭക്ഷണത്തിന് ബെല്ലടിച്ചു. ക്ലാസ്സിൽ നിന്നും എല്ലാവരും പുറത്ത് പോയ തക്കം നോക്കി ഞങ്ങൾ ബാഗുകളെടുത്ത് പുതുക്കെ പുറത്തിറങ്ങി. മെയ്ൻ ഗൈറ്റിലൂടെ ബാഗുമായി പുറത്തിറങ്ങൽ അസാധ്യമായിരുന്നു. ആരെങ്കിലും കണ്ടാലോ?... അതിനും എന്റെ ഹീറോ അവന്റെ ബുദ്ധി വർക്ക് ഔട്ട് ചെയ്യിച്ചു. സ്കൂളിന്റെ പിൻഭാഗത്ത് ചെന്ന് ബാഗുകൾ രണ്ടും മതിലിനപ്പുറത്തേക്ക് എറിയുക! കൃത്യനിർവ്വഹണത്ത്ന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അങ്ങനെ പുറത്തേക്ക് വെച്ച് പിടിച്ചു. ഗൈറ്റ് കടന്നു കടന്നില്ല എന്ന അവസ്ഥയിൽ പെട്ടൊന്ന് ഒരു പിന്നിൽ നിന്നും ഒരു വിളി.. ടാ...! ഞെട്ടിത്തിരിഞ്ഞുനോക്കിയപ്പോൾ ...ദേ നിക്കുന്നു ദിവ്യ! “എവിടേക്ക്യാ..പോണേ?“ അവളുടേ കിളിനാദം പോലത്തെ സൌണ്ട്..! ഇവളാരു കെട്ടിയോളോ? എന്ന് മനസ്സിൽ ചോദിച്ച് തിരിഞ്ഞു നടന്നു. അന്നാദ്യമായി അവളോട് വെറുപ്പ് തോന്നി. പിന്നെ ഗൈറ്റ് കടന്ന് ഒരോട്ടമായിരുന്നു ബസ്റ്റാന്റിലേക്ക്. ആദ്യം കണ്ട മലപ്പുറം ബസ്സിലേക്ക് തന്നെ ഓടിക്കയറി.
(തുടരാം അല്ലേ