Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts

Sunday, August 2, 2009

ഞാൻ ചെറായിൽ.

ബ്ലോഗിങ്ങ് ചരിത്രത്തിന്റെ ഗതിതന്നെ മാറ്റി പുത്തൻചരിത്രം 915.9 ലിപികളിൽ ചെറായി കടപ്പുത്തെ മണൽതരികളിൽ കൊത്തിവരക്കപ്പെട്ടു ജൂലായ് 26 ന് (അന്നല്ലേ). ചെറായി മീറ്റിനെപറ്റി കുമു കുമാന്ന് പോസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഏതായാലും ഇച്ചിരി ശമനം ആയെന്ന് തോന്നുന്നു...മഴക്കെയ്. മീറ്റിൽ പങ്കെടുക്കണം എന്നോരാഗ്രഹം മനസ്സിലുണ്ടായിരുന്നത് മറച്ചുവെക്കുന്നില്ല. മൈലുകൾക്കപ്പുറത്തിരുന്ന് അക്ഷരങ്ങളെ സൌഹൃദങ്ങളാക്കുന്നവർ ഒരുവേള ഒരുമിക്കുന്നത് ചില്ലറക്കാര്യമായി ഞാൻ കരുതിയിട്ടില്ല.


മീറ്റിനാഴ്ച്ചകൾക്ക് മുൻപ് നമ്മുടെ ഹൻലല്ലത്തുമായി നടന്ന ചാറ്റിലാണ് എന്ത് കൊണ്ട് എനിക്കും ഒന്ന് മീറ്റിക്കൂടാ എന്ന് ആദ്യമായി തോന്നിയത്. (എന്ത് കൊണ്ട് ഒന്ന് ബ്ലോഗിക്കൂടാ എന്ന് തോന്നിയത് തന്നെ എവിടെയും എത്തിയില്ല)‌ തോന്നലുകൾക്ക് പിന്നോടിയായി തോന്നലുകൾ, കിനാവുകൾ നോമ്പരങ്ങൾ എക്സട്രാ... അതായത് ലീവ് അപ്പ്ലിക്കേഷൻ, അപ്പ്രൂവൽ, കിട്ടിയില്ലെങ്കിൽ യാചന പിന്നെ ടിക്കറ്റ് റിസർവേഷൻ , റീ-എൻ ട്രീ വിസ പുതിയ പാന്റ് , സോക്സ്, വല്ലുമ്മാക്ക് ടോർച്ച് ലൈറ്റ് അങ്ങനെ എന്റെ മനസ്സ് ആകെ കലുഷിതമായി. “ചെറായി...ചെറായി മീറ്റ്“ എന്ന് പിച്ചും പേയും ഉറക്കത്തിൽ പറഞ്ഞൂന്ന് പറഞ്ഞ് കെട്ട്യോള് ചോദിച്ചു “ എവിടെയാ ങ്ങക്ക് ചേറായത്” യഥാർഥം പറഞ്ഞപ്പോൾ. “ങ്ങളാരട് മീറ്റാൻ, ന്നോട് മീറ്റ്യാപ്പോരെ.. നാലക്ഷരം മര്യാദക്ക് ബായിക്കാൻ കയ്യാത്ത ങ്ങളാണോ മീറ്റാൻ പോണത്. പണ്ട് അവളനിക്ക് തന്ന ലവ് ലെറ്റർ അവളെക്കൊണ്ടുതന്നെ ഞാൻ വായിപ്പിക്കാറായിരുന്നു പതിവ്.. സ്വായം വായിച്ചാൽ എന്തെങ്കിലും മനസ്സിലാവണ്ടേ..!


ഞാൻ ആര്? ഞാൻ മീറ്റാൻ പോയാൽ എന്ത് സംഭവിക്കും? “ഫ” ഭ” എന്നിവ ചേർത്ത് കെട്ടി തൊട്ടിലില്ലാതെ എന്നെ ആട്ടുമോ? എന്നിങ്ങനെ ചില ചോദ്യങ്ങൾക്ക് ഉത്തരം തേടി ഞാൻ അലഞ്ഞു. ചോറും കഞ്ഞിയും വേണ്ടാതായി. പകരം ബിരിയാണികൊണ്ട് പശിയടച്ചു. ചുരുക്കി പറഞ്ഞാൽ എല്ലാത്തിനോടും ഒരു മടുപ്പ്. സൌദിയിൽ എങ്ങോട്ടു തിരിഞ്ഞാലും ഒരൊറ്റ പരസ്യമേയുള്ളൂ... അൽമറായി തൈര്...ഇവനല്ലേ തൈര്! പക്ഷേ എന്റെ കണ്ണുകൾ അവ വായിക്കുന്നത് “ചെറായി മീറ്റ്...ഇവനല്ലേ മീറ്റ്” എന്നു വരെ ആയി കാര്യങ്ങൾ. ഒടുവിൽ ഞാൻ തീരുമാനിച്ചു...മീറ്റാൻ പോകാം.

എന്തേ എനിക്ക് സൌന്ദര്യമില്ലേ...അന്തസില്ലേ...പഠിപ്പില്ലേ....ഒന്നുമില്ലെങ്കിലും നാലു പോസ്റ്റെങ്കിലും ഇട്ടില്ലേ....!. ബ്ലോഗിലെ മഹാരഥന്മാരെയൊക്കെ കാണാമല്ലോ എന്നോർത്ത് എനിക്ക് സന്തോഷം തോന്നി. ചിലരിൽ നിന്നൊക്കെ എനിക്ക് ഓട്ടോഗ്രാഫ് വാങ്ങണം, കൂടെ നിന്ന് ഫോട്ടോയെടുക്കണം (കൂടെ നിർത്തിയാൽ) എങ്ങനെ ഒരു നല്ല മികച്ച ബ്ലോഗറാകാം എന്ന് അവരെ കണ്ടു ചോദിച്ചു മനസ്സിലാക്കണം. പറ്റിയാൽ എല്ലാവർക്കും എന്റെ വക ഒരോ ചായയെങ്കിലും മേടിച്ചു കൊടുക്കണം എന്നൊക്കെ വിചാരിച്ച് ഹർഷപുളകിതകുഞ്ചിതനായി ഞാൻ ഉറങ്ങാൻ കിടന്നു.


ജൂലായ് 26 പുലർച്ച 10 മണി.......ഒരു ഓട്ടോ ഇരമ്പി പാഞ്ഞു.......മീറ്റ് നടക്കുന്ന റിസോട്ടിലേക്ക്. പെടുന്നനെ എതിരെ വന്ന ഒരു പാണ്ടിലോറിക്ക് സൈഡ് കൊടുക്കാൻ മൈക്കൽ ഷുമാക്കറെ പ്പോലെ ഗ്ലോറിഫൈഡ് ഡ്രൈവറെന്ന ഭാവത്തിൽ നമ്മുടെ ഒട്ടോക്കാരൻ തന്റെ വിമാ(ഹ)നം ഒരൊറ്റ വെട്ടിക്കൽ. പഞ്ചായത്ത് ഓടിൽ നിന്നും എന്നെ പോക്കിയെടുക്കുമ്പോൾ എനിക്ക് ഓർമ്മയുണ്ടായിരുന്നോ എന്നെനിക്കോർമ്മയില്ല. ഓർമ്മ കിട്ടിയപ്പോൾ ആശുപത്രി കിടക്കയിലാവും എന്ന് വിചാരിച്ച് നഴ്സിനെ തിരഞ്ഞു. പക്ഷേ കണ്ടില്ല പകരം കെട്ട്യോൾ ആർത്ത് ചിരിക്കുന്നതാണ് കണ്ടത്. നടന്നത് സ്വപ്നമാണെന്ന് തിരിച്ചറിയാൻ ഭാര്യ ലൈറ്റിടുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. എന്റെ ചെറായി സ്വപ്നം അതോടെ അവസാനിച്ചു.


ചെറായി മീറ്റ് സംഘടിപ്പിച്ചവർക്കും, അതിൽ പങ്കെടുത്ത് കൊണ്ട് മീറ്റ് വിജയിപ്പിച്ചവർക്കും ഈ വൈകിയ വേളയിൽ എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.